ഭിക്ഷയാചിക്കൽ സമരവുമായി ജനകീയ ഹോട്ടലുകാർ

മലപ്പുറം: ജനകീയ ഹോട്ടലുകാർക്ക് നൽകാനുള്ള സബ്‌സിഡി കുടിശ്ശിക ഇനിയും നൽകാത്തതിനെത്തുടർന്ന് ആശങ്കയിലായിരിക്കുകയാണ് ഹോട്ടൽ നടത്തിപ്പുകാർ. സബ്‌സിഡി നിർത്തലാക്കിയതായി ജുലായ് 31-ന് വന്ന തദ്ദേശവകുപ്പിന്റെ ഉത്തരവും നടത്തിപ്പുകാരെ വെട്ടിലാക്കിയിരിക്കുന്നു.

സബ്‌സിഡി ഇനത്തിൽ ആറുകോടി രൂപയാണ് സർക്കാർ ജനകീയ ഹോട്ടൽ സംരംഭകർക്ക് നൽകാനുള്ളത്. പാവപ്പെട്ടവർക്ക് 20 രൂപയ്ക്ക് ഊണ് നൽകാനായി ‘വിശപ്പുരഹിത കേരളം’ പദ്ധതിയുടെ ഭാഗമായാണ് കുടുംബശ്രീക്കു കീഴിൽ ജനകീയഹോട്ടൽ സംരംഭം നടപ്പാക്കുന്നത്. ഒരു ഊണിന് പത്ത് രൂപ സർക്കാർ സബ്‌സിഡിയായി നൽകിയിരുന്നു.

ജില്ലയിൽ മാത്രം 144 ജനകീയ ഹോട്ടലുകളാണ് പ്രവർത്തിക്കുന്നത്. സ്വർണം പണയംവെച്ചും വായ്പയെടുത്തുമൊക്കെ തുടങ്ങിയ സംരംഭം പൂട്ടേണ്ട അവസ്ഥയാണെന്നാണ് നടത്തിപ്പുകാർ പറയുന്നത്. തിരിച്ചടവ് മുടങ്ങിയിരിക്കുന്നു. മലപ്പുറത്ത് എട്ട് മാസത്തെ വരെ കുടിശ്ശിക ലഭിക്കാനുള്ള ഹോട്ടലുകളുണ്ട്.
നിലവിൽ ജനകീയ ഹോട്ടലുകൾക്ക് നൽകിവരുന്ന സഹായങ്ങളായ വാടക, വൈദ്യുതിനിരക്ക്, വെള്ളക്കരം എന്നിവയിലെ ഇളവും സബ്സിഡി നിരക്കിലെ അരിയും തുടർന്നും ലഭിക്കുമെങ്കിലും ഊണിന്റെ സബ്‌സിഡി നൽകാൻ കഴിയില്ലെന്നാണ് നിലപാട്. ഊണിന് വിലവർധിപ്പിക്കാനാണ് സർക്കാർ നിർദേശം. ഇതോടെ ആളുകളുടെ വരവ് കുറഞ്ഞതായും വില്പന കുറഞ്ഞതായും നടത്തിപ്പുകാർ പറയുന്നു.

സബ്‌സിഡി ഇനത്തിൽ ലഭിക്കാനുള്ള ആറ് കോടിയിലധികം രൂപ നൽകണമെന്ന് സർക്കാരിനോട് യാചിച്ചുകൊണ്ട് ആക്‌ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ കളക്ടേറ്റിന് മുൻപിൽ നടത്തിയ സമരം പി. അബ്ദുൾഹമീദ് എം.എൽ.എ. ഉദ്ഘാടനംചെയ്തു. ആക്‌ഷൻ കൗൺസിൽ ചെയർപേഴ്‌സൺ ലക്ഷ്മി പറമ്പൻ അധ്യക്ഷത വഹിച്ചു. ഹോട്ടൽ അടച്ച് സമരത്തിനിറങ്ങിയാൽ നടപടിയുണ്ടാകുമെന്ന ജില്ലാ മിഷൻ ഓഫീസിന്റെ ഭീഷണിയെ അവഗണിച്ചാണ് വനിതകൾ സമരത്തിനെത്തിയത്. ഭാരവാഹികൾ ജില്ലാ കളക്ടറെ നേരിട്ടുകണ്ട് നിവേദനം സമർപ്പിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കലാം മാസ്റ്റർ, ജില്ലാ പഞ്ചായത്ത് ആസുത്രണസമിതി വൈസ് ചെയർമാൻ ഉമ്മർ അറയ്ക്കൽ, സറീന ഹസീബ്, വനിതാലീഗ് സംസ്ഥാന പ്രസിഡന്റ് സുഹ്‌റ മമ്പാട്, കെ.പി. ജെൽസീമിയ, സക്കീന പുൽപ്പാടൻ തുടങ്ങിയവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}