വേങ്ങര: വേങ്ങര ഗവ: മോഡൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ഹയർ സക്കന്ററി വിഭാഗം എൻ എസ് എസ് വോളന്റിയേഴ്‌സ് എൻ എസ് എസ് ദിനാചരണത്തിന്റെ ഭാഗമയി വേങ്ങര ഗവണ്മെന്റ് ആയുർവേദ ആശുപത്രിയും പരിസരവും വൃത്തിയാക്കി.
ആശുപത്രിയിൽ വരുന്ന രോഗികൾക്കും അഡ്മിറ്റ് ആയിട്ടുള്ളവർക്കും വളരെ ആശ്വാസം പകരുന്നതായിരുന്നു ശുചീകരണ പരിപാടി. പാഴ്ച്ചെടികളും ചപ്പുചവറുകളും പ്ലാസ്റ്റിക് വസ്തുക്കളും ഒഴിവായപ്പോൾ ആശുപത്രി കാഴ്ച്ചയിൽ മനോഹരമായി.
ഗവ.ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോക്റ്റർ ആശ കെ ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. ഡോ. ഗഫൂർ, ഡോ. വൃന്ദ, സ്കൂൾ പ്രിൻസിപ്പാൾ ശംസുദ്ധീൻ, അധ്യാപകനായ സബീർ അലി എന്നിർ ആശംസയർപ്പിച്ചു.
ശുചീകരണ പ്രവർത്തനങ്ങൾക്ക് പ്രോഗ്രാം ഓഫീസർ ആരിഫ ടീച്ചർ എൻ എസ് എസ് ലീഡർ മാരായ മുഹമ്മദ് റാസി, നദീമ എന്നിവർ നേതൃത്വം നൽകി. ഹോസ്പിറ്റൽ മാനേജ്മെന്റ് കുട്ടികളോട് സന്തോഷം അറിയിക്കുകയും ചായയും പലഹാരങ്ങളും നൽകുകയും ചെയ്തു.