കോട്ടയ്ക്കൽ : ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ നിർദേശപ്രകാരമുള്ള നഗരത്തിലെ ഗതാഗത പരിഷ്കരണങ്ങൾ വെള്ളിയാഴ്ച മുതൽ നടപ്പായി. പുതിയ പരിഷ്കാരങ്ങൾക്കെതിരേ രാഷ്ട്രീയപ്പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തി. ഇന്ത്യനൂർ റോഡിൽ കോട്ടപ്പടി മുതൽ കാവതികളംവരെ വൺവേയാക്കിയതിനെതിരേയാണ് പ്രധാനമായും പ്രതിഷേധം. സി.പി.എം., സി.പി.ഐ. എന്നിവരോടൊപ്പം പരിഷ്കരണം പിൻവലിക്കണമെന്ന ആവശ്യവുമായി യൂത്ത്‌ലീഗും രംഗത്തെത്തിയിട്ടുണ്ട്.
വൺവേ ആക്കിയതുകാരണം കാവതികളം ജങ്ഷൻവഴി കോട്ടയ്ക്കലിലെത്തിയിരുന്ന വാഹനങ്ങൾക്ക് ഇനിമുതൽ പൂത്തൂർ ബൈപ്പാസ് വഴിയേ പോകാൻ സാധിക്കൂ. ഗതാഗതപരിഷ്കരണത്തിന്റെ ഭാഗമായി കാവതികളം ജങ്ഷനിൽനിന്ന് കോട്ടപ്പടി ഭാഗത്തേക്കുള്ള ഗതാഗതം നിരോധിച്ചു. റോഡിന്റെ പകുതി ഭാഗത്ത് കയറുകെട്ടുകയും സൂചനാബോർഡ് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. വൺവേയാക്കിയത് അറിയാതെ റോഡിലൂടെ പ്രവേശിക്കാൻ ശ്രമിച്ച വാഹനങ്ങൾക്ക് പോലീസ് പുത്തൂർ ബൈപ്പാസിലൂടെ പോകാൻ നിർദേശംനൽകി.
വൺവേ സംവിധാനത്തിനുപകരം ചെറിയവാഹനങ്ങൾക്കുമാത്രം പ്രവേശനം അനുവദിക്കണമെന്നും റോഡിലെ വീതികുറഞ്ഞ ഭാഗങ്ങൾ വികസിപ്പിക്കണമെന്നുമാണ് നാട്ടുകാർ പറയുന്നത്. ഇതിനായി പൂഴിത്തറവളവിലേയും വീതികുറഞ്ഞ മറ്റുഭാഗങ്ങളിലേയും സ്ഥലമുടമകളുമായി അധികൃതർ ചർച്ച നടത്തണമെന്ന ആവശ്യം ശക്തമാണ്.
ജനപ്രതിനിധികളുമായി വേണ്ട ചർച്ച നടത്താതെയാണ് തീരുമാനങ്ങളെന്നും നടപടികൾ ഉടൻ പിൻവലിക്കണമെന്നുമാണ് പ്രതിപക്ഷപ്പാർട്ടികൾ ആവശ്യപ്പെടുന്നത്.
വൺവേയാക്കിയ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. കോട്ടയ്ക്കൽ ലോക്കൽകമ്മിറ്റി കാവതികളം ബൈപ്പാസ് ജങ്ഷൻ ഉപരോധിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.പി. ഷമീം, എൻ. പുഷ്പരാജൻ, ടി. കബീർ, ഇ.ആർ. രാജേഷ് എന്നിവർ നേതൃത്വം നൽകി.
സമരത്തെത്തുടർന്ന് കോട്ടയ്ക്കൽ സി.ഐ. സി.പി.എം. നേതാക്കളുമായി ചർച്ചനടത്തി. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി ചേർന്ന് തീരുമാനങ്ങൾ പുനഃപരിശോധിക്കുമെന്നും ഇനി മുതൽ അഡൈ്വസറി കമ്മിറ്റിചേർന്ന് നിർദ്ദേശങ്ങൾ സ്വീകരിക്കുമെന്നും സി.ഐ. ഉറപ്പുനൽകിയതായി നേതാക്കൾ പറഞ്ഞു. ഇതിനെത്തുടർന്ന് ഉപരോധം താത്കാലികമായി അവസാനിപ്പിച്ചു. കോട്ടയ്ക്കലിൽ വെള്ളിയാഴ്ച നടപ്പാക്കിയ ഗതാഗത പരിഷ്കരണത്തിൽ എതിർപ്പുമായി സംഘടനകൾ
സി.പി.എം. സമരം അപഹാസ്യം -യൂത്ത്‌ലീഗ്
നഗരത്തിലെ ഗതാഗതപരിഷ്കരണങ്ങൾ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നൂവെങ്കിൽ പിൻവലിക്കണമെന്ന് മുസ്‌ലിംയൂത്ത്‌ലീഗ് മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു.
ഒരു പരീക്ഷണം തുടങ്ങുന്നദിവസംതന്നെ സമരംചെയ്യുന്ന സി.പി.എം. നിലപാട് അപഹാസ്യമാണെന്നും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഏത് പരിഷ്കാരത്തെയും യൂത്ത്‌ലീഗ് എതിർക്കുമെന്നും പറഞ്ഞു. മുനിസിപ്പൽ യൂത്ത്‌ലീഗ് പ്രസിഡന്റ് കെ.എം. ഖലീൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നാസർ തയ്യിൽ, ട്രഷറർ സി.കെ. റസാഖ്, ഭാരവാഹികളായ സി.പി. നൗഷാദ്, കെ.പി.എ. റാഷിദ്, ശമീറുദ്ദീൻ ഇരണിയൻ, കെ.വി. ശരീഫ്, അമീർ പരവക്കൽ, കെ.വി. സലാം, മബ്റൂഖ് കറുത്തേടത്ത് എന്നിവർ പ്രസംഗിച്ചു.