തിരുവനന്തപുരം: അടിസ്ഥാനവിദ്യാഭ്യാസം പത്താം ക്ലാസിൽനിന്ന് മാറ്റി പ്ലസ്‌ടു വരെയാക്കാൻ സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിനുള്ള കരട് ചട്ടക്കൂടിൽ ശുപാർശ. ഹയർ സെക്കൻഡറിതലത്തിൽ തൊഴിൽപഠനത്തിന് മുൻതൂക്കം നൽകുന്ന തരത്തിൽ ഉള്ളടക്കം മാറണമെന്നും നിർദേശത്തിലുണ്ട്.
ഹയർ സെക്കൻഡറിയിൽ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട ആഴത്തിലുള്ള പഠനത്തിന് അവസരം ഒരുക്കണം. 11, 12 ക്ലാസുകളിലെ വിഷയങ്ങൾ ഭാഷ, കോർ, തൊഴിൽ എന്നിങ്ങനെ വിഭജിക്കണം. നിർബന്ധമായും ഓപ്ഷണലായും പഠിക്കേണ്ട വിഷയങ്ങൾ തിരഞ്ഞെടുക്കാനും അവസരം നൽകണം.
പൊതുവിദ്യാഭ്യാസത്തിന്റെ അന്തിമവിലയിരുത്തൽ 12-ാം ക്ലാസാക്കി പൊതുപരീക്ഷ ആലോചിക്കണമെന്നും ശുപാർശയിൽ പറയുന്നു.
പഠനത്തിൽ പരിഷ്കാരം
ഒന്ന്, രണ്ട് ക്ലാസുകളിൽ പഠിപ്പിക്കാൻ വിഷയത്തിന്റെ അതിർവരമ്പുകൾ വേണ്ടാ. വിവിധ ആശയങ്ങൾ അവതരിപ്പിച്ച് കുട്ടികളെ പഠിപ്പിക്കാം. മൂന്നാംക്ലാസ് മുതൽ വിഷയങ്ങൾ തിരിച്ച് പാഠങ്ങളും പ്രവർത്തനങ്ങളും ഒരുക്കാം.
രണ്ടാംഘട്ടത്തിൽ മൂർത്തമായ ആശയങ്ങളോടെ നിഗമനങ്ങളിൽ എത്തിച്ചേരാൻ അവസരമൊരുക്കും. സ്വയം പഠനത്തിനും സഹവർത്തിത്വ പഠനത്തിനും അവസരം നൽകണം.
എട്ടുമുതൽ 12വരെയുള്ള അവസാനഘട്ടത്തിൽ വിദ്യാർഥിയുടെ താത്‌പര്യവും അഭിരുചിയും മുൻനിർത്തിയുള്ള അവസരമൊരുക്കും. ഭാഷാവിഷയങ്ങളിൽ മാതൃഭാഷ, ഇംഗ്ലീഷ്, ഹിന്ദി, അറബിക്, ഉറുദു, സംസ്കൃതം എന്നിവയ്ക്കു പുറമേ, ബംഗാളി, ഗുജറാത്തി, ഒഡിയ തുടങ്ങിയവ ഉൾപ്പെടുത്താം.
കോർ വിഷയങ്ങളിൽ സാമൂഹികശാസ്ത്രം, പരിസ്ഥിതിപഠനം, ശാസ്ത്രം, ഗണിതം, ആരോഗ്യ കായികപഠനം, കലാപഠനം, തൊഴിൽപഠനം, കൃഷി, ബയോ ടെക്‌നോളജി, ജിയോളജി, വാണിജ്യശാസ്ത്രം, അക്കൗണ്ടൻസി തുടങ്ങിയവ പഠിപ്പിക്കാം.
പ്രത്യേക വിഷയങ്ങളിൽ ഭാഷാശാസ്ത്രം, ജെറിയാട്രിക്‌സ്, ദുരന്തനിവാരണം, നാനോ ടെക്‌നോളജി, നരവംശശാസ്ത്രം, നിർമിതബുദ്ധി എന്നിവയ്ക്കാണ് ശുപാർശ.