വേങ്ങര: ജില്ലയുടെ പലഭാഗങ്ങളിലും ചെങ്കണ്ണ് പടരുന്നു. രോഗം ബാധിച്ച് ഒട്ടേറെപ്പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രികളിലെത്തിയത്. ഒരാഴ്ചയ്ക്കുള്ളിൽ 150-ഓളം പേർ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.
ഇവരിൽ അധികവും സ്കൂളിൽപോകുന്ന കുട്ടികളാണ്. കണ്ണിന്റെ നേത്രപടലത്തിലുണ്ടാകുന്ന അണുബാധയും നീർക്കെട്ടുമാണ് ചെങ്കണ്ണിന് (കൺജങ്റ്റിവൈറ്റിസ്) കാരണം. ഇത് ബാക്ടീരിയയോ വൈറസോ കൊണ്ടാകാം. കൂടുതലും വൈറസ് അണുബാധമൂലമുള്ളതാണ്. അലർജികൊണ്ടും ചെങ്കണ്ണുണ്ടാകാം.
ലക്ഷണങ്ങൾ
കണ്ണിൽ ചുവപ്പു നിറം, ചൊറിച്ചിൽ, വേദന, വെള്ളമൊഴുകൽ, പോള തടിപ്പ്, പീളകെട്ടൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. തുടക്കത്തിൽത്തന്നെ ചികിത്സ തേടിയില്ലെങ്കിൽ ചിലപ്പോൾ ഇത് നേത്രപടലത്തെ ഗുരുതരമായി ബാധിച്ചേക്കാം. രോഗംവന്നാൽ രക്തക്കുഴലുകളിലൂടെയുള്ള രക്തപ്രവാഹം കൂടും. അതാണ് കണ്ണിന് ചുവന്ന നിറമുണ്ടാക്കുന്നത്.
സൂക്ഷിച്ചാൽ പകരില്ല;
എളുപ്പത്തിൽ പടരുന്ന രോഗമായതിനാൽ വീട്ടിലോ സ്ഥാപനത്തിലോ ഒരാൾക്ക് വന്നാൽ എല്ലാവരിലേക്കും വ്യാപിക്കും. രോഗബാധയുള്ളവരുമായി അടുത്ത് ഇടപഴകുന്നതിലൂടെയോ, രോഗി ഉപയോഗിച്ച ടവ്വൽ, കണ്ണട, കംപ്യൂട്ടർ മൗസ്, ഭക്ഷണപ്പാത്രങ്ങൾ, വെള്ള ടാപ്പ്, തോർത്ത്, പുസ്തകം, പേന തുടങ്ങിയവയിലൂടെയോ രോഗാണുക്കൾ പകരും.
രോഗബാധയുള്ളവർ പൊതു ഇടങ്ങളിൽനിന്ന് മാറിനിൽക്കുന്നതാണ് പകരാതിരിക്കാൻ നല്ലത്.
രോഗ ബാധ കൂടുതലും കുട്ടികളിൽ സ്വയം ചികിത്സിക്കരുത്;
ഇപ്പോൾ അധികവും കണ്ടു വരുന്നത് വൈറസ്ബാധ കൊണ്ടുള്ള ചെങ്കണ്ണാണ്. സാധാരണ ഒരാഴ്ചയ്ക്കകം ഇത് മാറും. രോഗം വന്നവർ സ്വയം ചികിത്സിക്കരുത്. നേത്ര രോഗ വിദഗ്ധന്റെ ചികിത്സ തേടണം. രോഗം ബാധിച്ചാൽ കണ്ണിന് പൂർണ വിശ്രമമാണ് ആവശ്യം. കണ്ണുകൾ ഇടയ്ക്കിടെ ശുദ്ധവെള്ളത്തിൽ കഴുകിയാൽ രോഗാണുക്കൾ പെരുകുന്നത് തടയാം. കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കുകയും വേണം.