തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണപദ്ധതിക്കുള്ള തുക അനുവദിക്കാൻ, മുൻവർഷം ചെലവഴിച്ച കണക്കിന്റെ പേരിൽ കേരളത്തെ കുരുക്കി കേന്ദ്രസർക്കാർ. 2021-22 വർഷത്തിൽ ചെലവഴിച്ച 209 കോടി രൂപയുടെ കണക്ക് കേന്ദ്ര ധനമന്ത്രാലയത്തിനുകീഴിലുള്ള കേന്ദ്രീകൃത നിരീക്ഷണസംവിധാനമായ പബ്ലിക് ഫിനാൻഷ്യൽ മാനേജ്‌മെന്റ് സിസ്റ്റ(പി.എഫ്.എം.എസ്.)ത്തിൽ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് കേന്ദ്രത്തിന്റെ വാദം.
അതുചെയ്യാതെ, ഈ വർഷത്തെ ഉച്ചഭക്ഷണപദ്ധതിക്കുള്ള സഹായധനം അനുവദിക്കാനാവില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ഇതോടെ, മുമ്പ് വിതരണം ചെയ്ത 209 കോടി രൂപ വീണ്ടും അനുവദിച്ച് അക്കൗണ്ടിൽ വരവുവെച്ച് കേന്ദ്രത്തെ കണക്കുകാണിക്കാൻ കേരളം നിർബന്ധിതമായി.
കേന്ദ്രാവിഷ്കൃതപദ്ധതികളുടെ ധനവിനിയോഗം നിരീക്ഷിക്കാൻ തുടങ്ങിയതാണ് പി.എഫ്.എം.എസ്. 2021-22-ൽ അത് നിർബന്ധമാക്കിയപ്പോൾ കേരളം അതിന്റെ ഭാഗമായി. എന്നാൽ, ആ വർഷം ഉച്ചഭക്ഷണപദ്ധതിക്ക് നൽകാനുള്ള 132 കോടി രൂപ കേന്ദ്രം തടഞ്ഞു.
പിന്നീട് തിരിച്ചുകിട്ടുമെന്ന കണക്കുകൂട്ടലിൽ ഈ തുകയും സ്വന്തം വിഹിതമായ 77 കോടി രൂപയുംകൂട്ടി സംസ്ഥാനസർക്കാർ 209 കോടി രൂപ ചെലവഴിച്ചു. രണ്ടുവർഷത്തെ കാത്തിരിപ്പിനൊടുവിൽ 2021-22 ലെ റീ-ഇംപേഴ്‌സ്‌മെന്റ് (ചെലവഴിച്ചതു തിരിച്ചുനൽകൽ) എന്നുവ്യക്തമാക്കി ഈ വർഷം മാർച്ചിൽ കേന്ദ്രം 132 കോടി അനുവദിക്കുകയും ചെയ്തു.
കേന്ദ്രംതന്നെ റീ-ഇംപേഴ്‌സായി തുക നൽകിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയും നേരത്തേ വിതരണംചെയ്ത തുക അതേ ആവശ്യത്തിന് രണ്ടാമതും എങ്ങനെ ചെലവഴിക്കുമെന്നുചോദിച്ചും വിദ്യാഭ്യാസവകുപ്പ് പലവട്ടം കത്തെഴുതിയിട്ടും പി.എഫ്.എം.എസിൽ കണക്കുവരാതെ വേറെ വഴിയില്ലെന്നാണ് കേന്ദ്രം പറയുന്നത്.
2021-22 വർഷത്തെ ചെലവഴിക്കൽ സർട്ടിഫിക്കറ്റ് കേരളം സമർപ്പിച്ചു. ധന-വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായി കത്തയച്ചു. മുമ്പ് ചെലവഴിച്ചത് വീണ്ടും അക്കൗണ്ടിൽ നീക്കിവെക്കുന്നത് അസാധാരണവും തെറ്റായ രീതിയുമാണെന്നും കേരളം വാദിച്ചുനോക്കിയെങ്കിലും കാര്യമുണ്ടായില്ല.
പ്രശ്നം പരിഹരിക്കാൻ അസാധാരണമായ ധനവിനിയോഗത്തിന് തയ്യാറെടുക്കുകയാണ് സംസ്ഥാന സർക്കാർ. ഇക്കാര്യത്തിൽ ധന-വിദ്യാഭ്യാസ വകുപ്പുകൾ തമ്മിൽ ധാരണയായിട്ടുണ്ട്. പക്ഷേ, ഇങ്ങനെ അനുവദിക്കുന്ന തുക എങ്ങനെ ഖജനാവിലേക്ക് തിരിച്ചെടുക്കുമെന്നതാണ് വെല്ലുവിളി. ഉച്ചഭക്ഷണപദ്ധതിയിലെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ ഉടൻ ഉന്നതതലയോഗം നടക്കും.
ധനവിനിയോഗമാർഗം ഇങ്ങനെ
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരിലുള്ള സിംഗിൾ നോഡൽ അക്കൗണ്ടാണ് പി.എഫ്.എം.എസുമായി ബന്ധപ്പെടുത്തിയത്. ഇതിലേക്ക് 2021-22-ലെ ഉച്ചഭക്ഷണപദ്ധതിക്കായി ധനവകുപ്പ് 209 കോടി രൂപ അനുവദിക്കണം. ഈ തുക പൊതുവിദ്യാഭ്യാസഡയറക്ടറുടെ പേരിൽത്തന്നെയുള്ള ഹോൾഡിങ് അക്കൗണ്ടിലേക്ക് വിനിമയംചെയ്യണം