വേങ്ങര: പറപ്പൂർ ഇല്ലിപ്പിലാക്കലിൽ ഒരാൾ മരിച്ചത് ചെള്ളുപനി ബാധിച്ചാണെന്ന് മെഡിക്കൽ കോളേജിൽനിന്ന് അറിയിപ്പുകിട്ടിയതിനാൽ പ്രദേശത്തുള്ളവർ കൂടുതൽ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പധികൃതർ അറിയിച്ചു. സാധാരണ മൃഗങ്ങളെ കടിക്കുന്ന ചെള്ള് മനുഷ്യരെ കടിക്കുമ്പോൾ അത് രോഗവാഹകരാണെങ്കിലാണ് മനുഷ്യനു രോഗം പിടിപെടുക.
മൃഗങ്ങളുടെ മേലോ പരന്ന പുൽപ്പരപ്പിലോ ആണ് ഇവയെ കാണുക.
ജീവികളുടെ തൊലിയാണിതിന്റെ ആഹാരം. പുൽപ്പരപ്പിലോ മറ്റോ കിടക്കുമ്പോൾ വസ്ത്രമില്ലാത്ത ഭാഗത്താണിതിന്റെ കടിയേൽക്കുക.
വിദ്യാലയങ്ങൾ ഓണത്തിന് അടയ്ക്കുന്ന കാലമായതിനാൽ കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധ വേണമെന്നും പനിപോലുള്ള ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ സമീപിക്കണമെന്നും രോഗത്തിനു ചികിത്സ ലഭ്യമാണെന്നും അധികൃതർ അറിയിച്ചു.