മലപ്പുറം: ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിനെ സർവീസിൽനിന്ന് പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ജില്ലാക്കമ്മിറ്റി ജില്ലാ പോലീസ് ഓഫീസിലേക്ക് മാർച്ച് നടത്തി. വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ഷഫീഖ് ഉദ്ഘാടനംചെയ്തു.
പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച താമിർ ജിഫ്രിയുടെ മരണത്തെപ്പറ്റിയുള്ള അന്വേഷണവും കേസും അട്ടിമറിക്കാനാണ് പോലീസും സർക്കാരും ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ആരോപണവിധേയരായ ഉദ്യോഗസ്ഥരെ തത്‌സ്ഥാനത്തു നിന്ന് മാറ്റിനിർത്തി അന്വേഷണം നടത്തുകയാണ് നീതിപൂർവമായ രീതി. ജില്ലയിൽ ക്രിമിനൽ കേസുകൾ കൂടുതലുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാപ്രസിഡന്റ് നാസർ കീഴുപറമ്പ് അധ്യക്ഷതവഹിച്ചു. ഡാൻസാഫ് സംവിധാനങ്ങളെ ഉപയോഗിച്ച് പോലീസ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയാണെന്നും ഇത് അന്വേഷിക്കണമെന്നും മാർച്ചിൽ ആവശ്യപ്പെട്ടു. ജില്ലാ ഭാരവാഹികളായ മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ, നസീറ ബാനു, നൗഷാദ് ചുള്ളിയൻ, ഉമ്മർ തങ്ങൾ, അഷ്റഫ് വൈലത്തൂർ എന്നിവർ പ്രസംഗിച്ചു.