കോഴിക്കോട്: പി.എസ്.സി മുൻ ചെയർമാൻ അഡ്വ. എം.കെ. സക്കീർ വഖഫ് ബോർഡിന്റെ പുതിയ ചെയർമാനാകും. സക്കീറിനെ വഖഫ് ബോർഡ് അംഗമാക്കി നിയമിച്ച് ഉത്തരവിറങ്ങി. ടി.കെ. ഹംസ രാജിവെച്ച ഒഴിവിലാണ് നിയമനം. വഖഫ് ബോർഡ് ചെയർമാൻ തെരഞ്ഞെടുപ്പ് ഉടൻ നടക്കും.
2016ലാണ് സക്കീർ പി.എസ്.സി ചെയർമാനായി നിയമിക്കപ്പെട്ടത്. പൊന്നാനി പെരുമ്പടപ്പ് സ്വദേശിയാണ്. പെരുമ്പടപ്പ് സ്വരൂപത്തിൽ പരേതരായ ബാവക്കുട്ടി-സാറു ദമ്പതികളുടെ മകനാണ് സക്കീർ. അധ്യാപികയായ ലിസിയാണു ഭാര്യ. മക്കൾ: നികിത, അജീസ്.
മുംബൈ ഗവ. ലോ കോളജിൽനിന്ന് എൽ.എൽ.ബി ബിരുദവും തിരുവനന്തപുരം ഗവ. ലോ കോളജിൽനിന്ന് ബിരുദാനന്തര ബിരുദവും നേടി. 1990ൽ തൃശൂർ ബാറിൽ അഭിഭാഷകനായി പ്രവർത്തനമാരംഭിച്ചു. 2006-11 കാലയളവിൽ തൃശൂർ കോടതിയിൽ ഗവ. പ്ലീഡറായും പബ്ലിക് പ്രോസിക്യൂട്ടറുമായും പ്രവർത്തിച്ചു.
ആഗസ്റ്റ് ഒന്നിനാണ് വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം ടി.കെ ഹംസ രാജിവച്ചത്. ഒന്നര വർഷം കാലാവധി ബാക്കിനിൽക്കെയായിരുന്നു രാജി. മന്ത്രി വി. അബ്ദുറഹ്മാനുമായുള്ള അഭിപ്രായ ഭിന്നതയാണു രാജിയിൽ കലാശിച്ചതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നാൽ, പ്രായാധിക്യം മൂലമാണ് പദവി ഒഴിയുന്നതെന്നാണ് ടി.കെ ഹംസ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. മന്ത്രി അബ്ദുറഹ്മാനും ടി.കെ ഹംസയും തമ്മിൽ ഏറെനാളായി അഭിപ്രായ ഭിന്നത നിലനിൽക്കുന്നുണ്ട്. മന്ത്രിതല യോഗങ്ങളിൽ ടി.കെ ഹംസ പങ്കെടുക്കാത്തത് വിമർശനത്തിന് കാരണമായിരുന്നു. ഇതിനുപിന്നാലെയാണ് പാർട്ടി നിർദേശപ്രകാരം ഹംസ ചെയർമാൻ സ്ഥാനം രാജിവച്ചതെന്നാണ് അറിയുന്നത്.