തിരുവനന്തപുരം: ഓണവിപണി പടിവാതിലില്‍ നില്‍ക്കെ ധനവകുപ്പ് അനുവദിച്ച തുകയില്‍ നിന്ന് സപ്ലൈക്കോയ്ക്ക് വിപണി ഇടപെടലിന് ചെലവഴിക്കാനാകുന്നത് 70 കോടി രൂപ മാത്രം.അടിയന്തരമായി അനുവദിച്ച 250 കോടിയില്‍ ബാക്കി തുക നെല്ല് സംഭരണ കുടിശിക തീര്‍ക്കാനാണ് വകയിരുത്തിയിട്ടുള്ളത്. ഓണക്കിറ്റ് ഇത്തവണ മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്കും മറ്റ് അവശ വിഭാഗങ്ങള്‍ക്കുമായി മാത്രം പരിമിതപ്പെടുത്താനും തീരുമാനമായി.
ഓണക്കാലത്ത് വിപുലമായ വിപണി ഇടപെടലാണ് സപ്ലൈക്കോ ലക്ഷ്യമിടുന്നത്. സൂപ്പര്‍ സ്പെഷ്യല്‍ ഓണചന്തകളടക്കം പദ്ധതി തയ്യാറാക്കിയിട്ടും പണത്തിന് വേണ്ടിയുള്ള നെട്ടോട്ടത്തിലാണ് സ്ഥാപനം. വകുപ്പ് തല ചര്‍ച്ചകള്‍ക്കുശേഷം അടിയന്തരമായി 250 കോടി അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കിയെങ്കിലും പണം സപ്ലൈക്കോ അക്കൗണ്ടിലെത്താൻ ഇനിയും നടപടികള്‍ ബാക്കിയാണ്. അതില്‍ തന്നെ പ്രത്യേക ഹെഡുകളില്‍ പണം അനുവദിച്ച ധനവകുപ്പ് വിപണി ഇടപെടലിന് വകയിരുത്തിയത് വെറും 70 കോടി മാത്രമാണ്. 13 ഇനം അവശ്യ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ സാധാരണമാസങ്ങളില്‍ ലഭ്യമാക്കുന്നതിന് പോലും 40 കോടി ചെലവ് വരുന്നുണ്ട്. അതില്‍ നാലിരട്ടി ഉത്പന്നങ്ങളെങ്കിലും എത്തിക്കേണ്ട ഓണക്കാലത്ത് സബ്സിഡി തുകക്ക് മാത്രം 80 കോടിയോളം രൂപ വേണ്ടിവരുമെന്നാണ് കണക്ക്. കരാറുകാര്‍ക്ക് നിലവിലുള്ള കുടിശിക മാത്രമുണ്ട് 600 കോടി വരും. ഈവര്‍ഷത്തെ ഓണ ചെലവുകള്‍ക്ക് കണ്ടെത്തേണ്ട തുക ഇതിന് പുറമെയാണ്.
കൊറോണക്കാലത്തിന് പിന്നാലെ എത്തിയ ഓണമെന്ന നിലക്കാണ് കഴിഞ്ഞ തവണ എല്ലാവര്‍ക്കും ഓണക്കിറ്റ് എത്തിച്ചതെങ്കില്‍ ഇത്തവണ അത് പരിമിതപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് പുറമെ അനാഥാലയങ്ങളിലും അഗതിമന്ദിരങ്ങളിലും അടക്കം കഴിയുന്ന പാവപ്പെട്ടവര്‍ക്കും മാത്രം കിറ്റ് എത്തിക്കാനാണ് ധാരണ. നിലവില്‍ അനുവദിച്ച 240 കോടിക്ക് പുറമെ മറ്റൊരു 240 കോടിയെങ്കിലും കിട്ടിയാലെ തല്‍ക്കാലം പിടിച്ച് നില്‍ക്കാനാകു എന്നാണ് ഭക്ഷ്യ വകുപ്പിന്റെ നിലപാട്. എന്നാല്‍ ചോദിച്ചതത്രയും കൊടുക്കാനാകുമെന്ന ഉറപ്പ്ധനവകുപ്പ് നല്‍കുന്നതേയില്ല.