വേങ്ങര ഗവ. ആയുര്‍വേദ ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് ശുചിമുറികള്‍ ഉപയോഗിക്കാനാവുന്നില്ലെന്ന് പരാതി. കിടത്തിചികിത്സക്കെത്തുന്നവരാണ് ഏറെ ബുദ്ധിമുട്ടിലാവുന്നത്.
കിടപ്പുരോഗികള്‍ക്ക് സൗകര്യപ്രദമായ ചികിത്സ ഉറപ്പാക്കാനാണ് കേരളപ്പിറവിയുടെ 50ാം വാര്‍ഷിക സ്മാരകമായി വേങ്ങര ഗ്രാമപഞ്ചായത്ത് 2000ല്‍ കെട്ടിടം നിര്‍മിച്ചുനല്‍കിയത്. ഉപയോഗിക്കാതിരുന്ന കെട്ടിടം ജനങ്ങളുടെ മുറവിളികള്‍ക്കൊടുവിലാണ് വര്‍ഷങ്ങള്‍ക്ക് ശേഷം തുറന്നു കൊടുത്തത്. ഇപ്പോള്‍ ഇവിടെ സ്ത്രീകളും പുരുഷന്‍മാരുമായി 10 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമാണുള്ളത്. ഇതില്‍ പുരുഷന്‍മാരുടെ വാര്‍ഡിലെ നാല് ശുചിമുറികളാണ് ഉപയോഗശൂന്യമായി കിടക്കുന്നത്.
മൂന്നുവര്‍ഷത്തിലധികമായി ഈ ശുചിമുറികള്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന് ജീവനക്കാര്‍ പറയുന്നു. അഥവാ ശുചിമുറി ഉപയോഗിച്ചാല്‍ മലിനജലം ചോര്‍ന്ന് കോവണിപടികളിലും അടുത്ത മുറികളിലുമെത്തും. പരാതിപ്പെടുമ്ബോള്‍ നന്നാക്കാനെത്തുന്നവര്‍ വെള്ളം ചോരുന്നതെങ്ങനെ എന്ന് കണ്ടെത്താനാവാതെ മടങ്ങുകയാണ് പതിവ്. എന്നാല്‍ പ്രശ്‌നം പരിഹരിക്കാനായി 20 ലക്ഷംരൂപ നീക്കിവെച്ചിട്ടുണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറയുന്നു. ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും അറ്റകുറ്റപണിക്കായി ഒരിക്കല്‍കൂടി ശ്രമിക്കുമെന്നും ഇത് പരാജയപ്പെട്ടാല്‍ വാര്‍ഡിനോട് ചേര്‍ന്ന് പുതിയ ശുചിമുറികള്‍ നിര്‍മിക്കുമെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.