വേങ്ങര: ഓണത്തിന് കൂടിയവിലയ്ക്ക് വിൽക്കാനായി വാങ്ങി സൂക്ഷിച്ചിരുന്ന വിദേശമദ്യം പരപ്പനങ്ങാടി റെയിഞ്ച് എക്സൈസ് പിടികൂടി. ഊരകം കരിയാരത്ത് നെച്ചിക്കുഴിയിൽ വീട്ടിൽ അപ്പുട്ടി എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ നിന്നാണ് മദ്യം പിടികൂടിയത്.
മദ്യം പോളിത്തീൻ ചാക്കിൽക്കെട്ടി മുറ്റത്തുള്ള മെറ്റൽക്കൂനയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. അരലിറ്റർ വീതമുള്ള 98 കുപ്പി മദ്യമാണ് ഇവിടെനിന്നും കണ്ടെടുത്തത്.
റെയിഞ്ചിലെ പ്രിവന്റീവ് ഓഫീസർ ടി. പ്രജോഷ്്‌കുമാറും സംഘവും മിനി ഊട്ടി പൂളാപ്പീസ് റോഡിലൂടെ പരിശോധനനടത്തി വരവേ ബദാംപടി എന്ന സ്ഥലത്തുനിന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് മദ്യം കണ്ടെത്തിയത്. പ്രതി അപ്പുട്ടി മുൻപും സമാനസ്വഭാവമുള്ള കേസുകളിൽ പ്രതിയായിട്ടുണ്ട്.
മലപ്പുറം മുണ്ടുപറമ്പിലെ ബിവറേജസ് കോർപ്പറേഷൻ ചില്ലറവില്പനശാലയിൽനിന്ന് കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റിൽ നിന്നുമായി ശേഖരിച്ചതാണ് മദ്യം.
പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) പി. പ്രശാന്ത്, സിവിൽഎക്സൈസ് ഓഫീസർ കെ. ജിനരാജ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ പി. രോഹിണി കൃഷ്ണൻ, ഒ.വി. ദീപ്തി, ഡ്രൈവർ ഷണ്മുഖൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പ്രതിയെ തൊണ്ടിസാധനങ്ങൾ സഹിതം മലപ്പുറം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ചുമതലയുള്ള പരപ്പനങ്ങാടി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുൻപാകെ ഹാജരാക്കി റിമാൻഡ്‌ചെയ്തു.