കരുവാരക്കുണ്ട്: തുവ്വൂരിൽ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. റെയിൽവേ സ്റ്റേഷന് സമീപത്തുള്ള പകൽവീടിനു തൊട്ടുള്ള വീട്ടുവളപ്പിൽനിന്നാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം തിരിച്ചറിയാത്ത നിലയിലാണ്.
തുവ്വൂരിൽനിന്ന് പള്ളിപ്പറമ്പ് മാങ്കുത്ത് മനോജിന്റെ ഭാര്യ സുജിതയെ കാണാതായതായി നേരത്തേ പരാതിയുണ്ടായിരുന്നു. സുജിത കുടുംബശ്രീ പ്രവർത്തകയും കൃഷിഭവൻ താത്കാലിക ജീവനക്കാരിയുമാണ്. ഇവരുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത വിഷ്ണുവിന്റെ വീട്ടുവളപ്പിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്.
മാലിന്യ ടാങ്ക് തുറന്ന് അരികിലായി കുഴി എടുത്താണ് മൃതദേഹം ഒളിപ്പിച്ചത്. കുഴിയുടെ മുകളിൽ കോൺക്രീറ്റ് മെറ്റൽ വിതറി കോഴിക്കൂട് സ്ഥാപിച്ച നിലയിലാണുണ്ടായിരുന്നത്. ഒറ്റനോട്ടത്തിൽ മാലിന്യ ടാങ്കിന് സമീപം കുഴിയെടുത്തത് ആരുടേയും ശ്രദ്ധയിൽപ്പെടില്ല.
സുജിതയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഏതാനുംദിവസമായി വിഷ്ണു പോലീസിന്റെ കസ്റ്റഡിയിലാണ്. യുവതിയെ കാണാതായ വിവരം ഫെയ്‌സ് ബുക്കിലൂടെ ആദ്യം പങ്കുവെച്ചത് വിഷ്ണുവായിരുന്നു.