തിരൂർ: തിരൂര്‍ മത്സ്യമാര്‍ക്കറ്റില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് മിന്നല്‍ പരിശോധന നടത്തി. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് ട്രെയിനുൾപ്പെടെ വാഹനങ്ങൾ വഴി തിരൂര്‍ മാര്‍ക്കറ്റിലേക്ക് മായം കലർത്തിയ മത്സ്യങ്ങളെത്തിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു മിന്നൽ പരിശോധന. മൊബൈല്‍ ലാബിന്റെ സഹായത്തോടെ രണ്ട് ലോറികളിലെത്തിയ മത്സ്യങ്ങളാണ് പരിശോധിച്ചത്.
മത്തി, അയല, ആവോലി, നത്തോലി തുടങ്ങിയ മത്സ്യങ്ങളാണ് പരിശോധിച്ചത്. പരിശോധനയില്‍ കെമിക്കലിന്റ അംശം കണ്ടെത്താനായില്ല. രണ്ട് ലോറികളിൽ നിന്നായി പിടിച്ചെടുത്ത മത്സ്യങ്ങൾ പരിശോധനക്കായി കോഴിക്കോട് ലാബിലേക്ക് അയച്ചു. തിരൂര്‍ ഭക്ഷ്യ സുരക്ഷ ഓഫിസര്‍ എം.എന്‍. ഷംസിയ, മഞ്ചേരി ഭക്ഷ്യസുരക്ഷ ഓഫിസര്‍ പി. അബ്ദുൽ റഷീദ്, കോട്ടക്കല്‍ ഭക്ഷ്യസുരക്ഷ ഓഫിസര്‍ യു. ദീപ്തി എന്നിവരാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.
കൊണ്ടോട്ടി മത്സ്യമാര്‍ക്കറ്റിലും സമാനമായ പരിശോധന നടത്തിയിരുന്നു. ഭക്ഷ്യസുരക്ഷ ഓഫിസര്‍മാരായ എസ്.എല്‍. അന്‍സി, മുഹമ്മദ് മുസ്തഫ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്കി. പരിശോധനയിൽ ഭക്ഷ്യസുരക്ഷ ലൈസന്‍സില്ലാത്ത കച്ചവടക്കാരെ കണ്ടെത്താനായിട്ടുണ്ടെന്നും ലൈസന്‍സ് എടുപ്പിക്കുന്നതിന് നടപടികളെടുക്കുമെന്ന് തിരൂര്‍ ഭക്ഷ്യസുരക്ഷ ഓഫിസര്‍ എം.എന്‍. ഷംസിയ പറഞ്ഞു.
തിരൂരിലും പരിസരങ്ങളിലും ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസവും രാത്രി പരിശോധന നടന്നിരുന്നു.ബുധനാഴ്ച വൈകീട്ട് ആറ് മുതല്‍ രാത്രി ഒമ്പത് വരെ 11 തട്ടുകടകളിലാണ് പരിശോധന നടത്തിയത്. ക്രമക്കേടുകളൊന്നും കണ്ടെത്താനായില്ല.