ദേശീയപാത വികസനം: വീടുകളിലേക്കുള്ള വഴി തടസ്സപ്പെട്ടതായി പരാതി

വേങ്ങര: വേങ്ങര പഞ്ചായത്തിലെ ഒന്നാം വാർഡിൽ ദേശീയപാതയിൽ കൊളപ്പുറം ഇറക്കത്തിൽ ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള നിർമ്മാണം മൂലം നാല് കുടുംബങ്ങൾക്കുള്ള വഴി തടസ്സപ്പെട്ടതായി പരാതി. ഇതുമൂലം സ്ത്രീകളും കുട്ടികളും വയോധികരും അടങ്ങുന്ന കുടുംബങ്ങൾ സ്വന്തം വീടുകളിലേക്ക് എത്തിച്ചേരാൻ ഏറെ പ്രയാസപ്പെടുകയാണെന്നും  ഇവർ പറയുന്നു. 

കഴുങ്ങും തോട്ടത്തിൽ ഉമ്മർ, കഴുങ്ങും തോട്ടത്തിൽ സുഹ്റാബി, കഴുങ്ങും തോട്ടത്തിൽ റുഖിയ കഴുങ്ങുംതോട്ടത്തിൽ സൈനബ എന്നിവരുടെ വീടുകളിലേക്കും ഭൂമികളിലേക്കുമുള്ള വഴിയാണ് തടസ്സപ്പെട്ടിരിക്കുന്നത്. പഴയ അവസ്ഥയിൽ ദേശീയപാത ഈ ഭാഗം താഴ്‌ന്നാണ് ഉണ്ടായിരുന്നത്.  ഈ ഭാഗം പാർശ്വ ഭിത്തി കെട്ടി ഉയർത്തിയത് മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നും കുടുംബങ്ങൾ പറയുന്നു. ഇതിൽ മൂന്നു കുടുംബങ്ങൾ ദേശീയപാത വികസനത്തിന് സ്ഥലം വിട്ടു നൽകിയവരുമാ ണ്. 

ദേശീയപാത വികസനം വന്നതോടെ നിലവിലുള്ള റോഡും വഴിയും ഇല്ലാതായതായും അശാസ്ത്രീയ രീതിയിലുള്ള നിർമ്മാണമാണ് ഇവിടെ നടക്കുന്നതെന്നും ഇവർ പറയുന്നു. ദേശീയ പാതയിൽ സർവീസ് റോഡ്  പൊതുജനങ്ങളുടെ വീടുകളിലേക്കും ഭൂമികളിലേക്കും വഴി സൗകര്യം ഒരുക്കുന്നതിനും കൂടി വേണ്ടിയാണ്. ഇവിടെ സർവീസ് റോഡ് പോലും 30 അടി ഉയരത്തിൽ കെട്ടി ഉയർത്തിയിരിക്കുകയാണ്.  ഇതാണ് വഴി തടസ്സപ്പെടാനുണ്ടായ പ്രധാന കാരണം. വീടുകളിലേക്ക് വഴിക്കുള്ള സൗകര്യം ഒരുക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി, സ്ഥലം എംഎൽഎ, സ്ഥലം എംപി, ജില്ലാ കലക്ടർ, ദേശീയപാത അധികൃതർ എന്നിവർക്ക് പരാതി നൽകി കാത്തിരിക്കുകയാണ് ഈ കുടുംബങ്ങൾ. 

ഈ വിഷയത്തിൽ ശാശ്വതമായ രീതിയിൽ പരിഹാരം കാണാത്ത പക്ഷം ഹൈക്കോടതിയെ സമീപിക്കേണ്ടി വരുമെന്നും ഇവർ പറയുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}