മലപ്പുറം: വിദ്യാലയ പരിസരങ്ങളില്‍ മയക്കുമരുന്ന്, ലഹരി വസ്തുക്കളുടെ വില്‍പ്പന തടയാന്‍ പരിശോധന കര്‍ശനമാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. ലഹരി വില്‍പ്പന കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ക്കെതിരെ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്താതെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണം. വിദ്യാലയങ്ങളില്‍ പി.ടി.എയുമായി ചേര്‍ന്ന് ലഹരിക്കെതിരെ ബോധവത്കരണവും കൗണ്‍സലിങ്ങും നടത്തണമെന്നും യോഗം ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടു.
ലഹരി വില്‍പ്പന തടയുന്നതിനായി പൊലീസ്- എക്സൈസ് വകുപ്പുകളുടെ നേതൃത്വത്തില്‍ ജൂലൈ 15 നുള്ളില്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളിലും സംയുക്ത പരിശോധന നടത്താന്‍ ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.
ജില്ലയില്‍ പകര്‍ച്ചപ്പനി ബാധിച്ച് ഇതിനകം 4 പേര്‍ മരണപ്പെട്ടിട്ടുണ്ടെന്നും പൊതുജനങ്ങൾ പ്രതിരോധ സംവിധാനങ്ങൾ സ്വീകരിച്ചു കൊണ്ട് ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക പറഞ്ഞു.
കൊതുകിന്റെ സാന്ദ്രത കുറയ്ക്കുന്നതിലൂടെ മാത്രമേ പനിയുടെ വ്യാപനം നിയന്ത്രിക്കാനാവൂ. അസുഖ ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സയ്ക്ക് നില്‍ക്കാതെ ആരോഗ്യ പ്രവര്‍ത്തകരെ സമീപിക്കണം. പനി, ജലദോഷം പോലുള്ള അസുഖം ബാധിച്ച കുട്ടികള്‍ സ്കൂളുകളില്‍ വരുന്നില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉറപ്പു വരുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ പകര്‍ച്ചാവ്യാധികളുടെ വ്യാപനം തടയുന്നതിനായി പരിസര ശൂചീകരണം ഉറപ്പാക്കണമെന്ന് യോഗത്തില്‍ ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു.
വാര്‍ഡുതല ജാഗ്രതാ സമിതികള്‍ ചേര്‍ന്ന് പരിസര ശൂചീകരണം ഉറപ്പാക്കണം. തദ്ദേശ, ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരാഴ്ചയ്ക്കകം ശുചീകരിക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ രാത്രികാല പോസ്റ്റുമോര്‍ട്ടം ആരംഭിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് അഡ്വ. യു.എ ലത്തീഫ് എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു. ഭിന്നശേഷി ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള പതിനായിരത്തോളം അപേക്ഷകള്‍ ജില്ലയില്‍ കെട്ടിക്കിടക്കുകയാണ്. സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തതു മൂലം മോട്ടോര്‍ ആക്സിഡന്റ്സ് ക്ലെയിം ട്രിബൂണലുകളില്‍ കേസുകള്‍ നീണ്ടുപോവുന്ന സാഹചര്യമുണ്ടെന്നും ഇക്കാര്യം ആരോഗ്യ വകുപ്പ് പരിശോധിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനായി പ്രത്യേകം മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് പരിഹാരം കാണാന്‍ ജില്ലാ കളക്ടര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ അതിദരിദ്രരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ വകുപ്പുകള്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു. പൊന്നാനി ഈഴുവതിരുത്തി ശ്മശാനം ആധുനികവത്കരിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് പി. നന്ദകുമാര്‍ എം.എല്‍.എ ആവശ്യപ്പെട്ടു.
ജില്ലാ ആസൂത്രണ സമിതി കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ ടി.വി ഇബ്രാഹിം, അഡ്വ. യു.എ ലത്തീഫ്, കുറുക്കോളി മൊയ്തീന്‍, പി. നന്ദകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, ജില്ലാ വികസന കമ്മീഷണര്‍ രാജീവ് കുമാര്‍ ചൗധരി, പെരിന്തല്‍മണ്ണ സബ് കളക്ടര്‍ ശ്രീധന്യ സുരേഷ്, അസി. കളക്ടര്‍ കെ. മീര, എ.ഡി.എം എന്‍.എം മെഹറലി, ജില്ലാ പ്ലാനിങ് ഓഫീസര്‍ എ.എം സുമ, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.