കോഴിക്കോട് ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഒളവണ്ണ സ്വദേശികളായ മുഹമ്മദ് ആദില്‍ (18), ആദില്‍ ഹസ്സൻ (16) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാവിലെയാണ് ഇരുവരെയും കുളിക്കുന്നതിനിടെ കാണാതായത്.
കോഴിക്കോട് ബീച്ചില്‍ ഫുട്ബോള്‍ കളിക്കാനെത്തിയ അഞ്ചംഗ സംഘത്തിലെ രണ്ട് കുട്ടികളാണ് തിരയില്‍പ്പെട്ടത്. കളിക്ക് ശേഷം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. മുഹമ്മദ് ആദിലിനെയും ആദില്‍ ഹസ്സനെയും തിരയില്‍പ്പെട്ട് കാണാതായി. ഇവര്‍ക്കൊപ്പം തിരയിലകപ്പെട്ട കുട്ടിയെ സമീപത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
കുട്ടികളെ കണ്ടെത്തുന്നതിനായി പ്രദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തില്‍ തെരച്ചില്‍ നടത്തി. കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലും രക്ഷാപ്രവര്‍ത്തനത്തിനായി സംഭവസ്ഥലത്തെത്തിയിരുന്നു. ഉള്‍ക്കടലില്‍ ശക്തമായ മഴയുണ്ടായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമായിരുന്നുവെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.