തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുംമുമ്പേ പനി കടുക്കുന്നു. കഴിഞ്ഞ ഏഴു ദിവസത്തിനിടെ, 48,000 പേർ പനി ബാധിച്ച് ചികിത്സതേടി. മൂന്നോ നാലോ ദിവസം നീളുന്ന പനിയും ക്ഷീണവുമാണ് പലർക്കുമുള്ളത്. ചിലർക്ക് ചുമയും ശ്വാസംമുട്ടലോടുംകൂടിയ പനിയാണ് പിടിപെടുന്നത്. വിവിധ ജില്ലകളിൽ ഡെങ്കിപ്പനിയും എലിപ്പനിയും സ്ഥിരീകരിക്കുന്നുണ്ട്.
മേയ് 28ലെ കണക്കനുസരിച്ച് 2772 പേർക്ക് പനി റിപ്പോർട്ട് ചെയ്തിരുന്നു. ജൂൺ ആറിലെ കണക്കനുസരിച്ച് പനി ബാധിതർ 8232 ആണ്. ജൂണിൽ ഒരു ദിവസമൊഴികെ 6000 നും 8000 നും ഇടയിലാണ് കേസ് റിപ്പോർട്ട് ചെയ്യുന്നത്. മഴക്കാലമായതിനാല്‍ സാധാരണ വൈറല്‍ പനിയാണ് (സീസണല്‍ ഇൻഫ്ലുവന്‍സ) കൂടുതലുമെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. വൈറല്‍ പനി ഭേദമാകാൻ മൂന്നു മുതല്‍ അഞ്ചു ദിവസം വരെ വേണ്ടിവരും. ജലദോഷം, പനി, ചെവിവേദന, മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന തുടങ്ങിയ പതിവ് ലക്ഷണങ്ങൾ തന്നെയാണ് നിലവിൽ പടരുന്ന പനിക്കും. പനി മാറിയാലും ക്ഷീണം അവശേഷിക്കുന്നു. ചിലരിൽ പനി മാറി ഒരാഴ്ചയുടെ ഇടവേളയിൽ വീണ്ടും വരുന്ന സ്ഥിതിയുമുണ്ട്.