വേങ്ങര: കഴിഞ്ഞ എട്ടുവർഷത്തോളമായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന വേങ്ങര സബ് രജിസ്ട്രാർ ഓഫീസ് അസൗകര്യങ്ങളാൽ വീർപ്പു മുട്ടുകയാണ്. 2015 മുൻ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പി കെ കുഞ്ഞാലിക്കുട്ടി വേങ്ങര എംഎൽഎയും മന്ത്രിയുമായ സമയത്താണ് വേങ്ങര സബ് രജിസ്ട്രാർ ഓഫീസ് ആരംഭിക്കുന്നത്.
വേങ്ങര സർവീസ് സഹകരണ റൂറൽ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ വാടകക്കാണ് വേങ്ങര സബ് രജിസ്റ്റർ ഓഫീസ് പ്രവർത്തിച്ചു വരുന്നത്. സ്ഥലപരിമിതി മൂലവും വാഹന പാർക്കിങ്ങിലെ അസൗകര്യവും ഏറെ പ്രയാസം നേരിടുകയാണ്.
സ്ഥലം കണ്ടെത്താൻ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ ശ്രമം നടത്തിയെങ്കിലും സ്ഥലം ലഭ്യമാവാതെനിൽക്കുകയാണ്.സ്ഥലം ലഭ്യമാകുന്ന പക്ഷം കെട്ടിടം നിർമ്മിക്കാൻ ഫണ്ടും രജിസ്ട്രേഷൻ വകുപ്പ് നൽകാൻ തയ്യാറാണ്. റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിൽ വേങ്ങര കച്ചേരിപ്പടിയിലുള്ള വേങ്ങര വില്ലേജ് ഓഫീസ് നിൽക്കുന്ന സ്ഥലം 18 സെന്റ് ആണ്. ഇതിൽ നിന്നും 5 സെന്റ് സ്ഥലം ലഭ്യമാക്കിയാൽ ഈ പ്രശ്നത്തിന് പരിഹാരമാകുമെന്ന് ബന്ധപ്പെട്ടവർ പറയുന്നു. ഭൂമി കണ്ടെത്താൻ ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ ഇടപെടണമെന്നാവശ്യം ശക്തമാവുകയാണ്.
വേങ്ങര, ഊരകം, കണ്ണമംഗലം, പറപ്പൂർ എ. ആർ.നഗർ എന്നീ പഞ്ചായത്തുകളിലെ ജനങ്ങൾ ആശ്രയിക്കുന്നത് ഈ സബ് രജിസ്ട്രാർ ഓഫീസിനെയാണ്. വേങ്ങര വില്ലേജ് ഓഫീസിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിന്നും 5 സെന്റ് സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വേങ്ങര ഗ്രാമപഞ്ചായത്ത് മെമ്പർ യൂസഫലി വലിയോറ കഴിഞ്ഞ മാസം25ന് നടന്ന തിരൂരങ്ങാടി താലൂക്ക് അദാലത്തിൽ മന്ത്രി വി. അബ്ദുറഹ്മാന് പരാതി നൽകിയിട്ടുണ്ട്. ഇവിടെ സ്ഥലം ലഭ്യമായാൽ ഇതിനു പരിഹാരമാവും എന്ന പ്രതീക്ഷയിലാണ് ജനങ്ങളും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരും.