തൃശൂർ: തിങ്ങിനിറഞ്ഞ പൂരനഗരിയിൽ വർണവിസ്മയം തീർത്ത് കുടമാറ്റം. വടക്കുംനാഥന് മുന്നിൽ തെക്കേനടയിൽ 15 വീതംഗജവീരന്മാർ മുഖാമുഖം നിരന്നുനിന്നാണ് കുടമാറ്റത്തിന് തുടക്കമായത്. വിവിധ വർണങ്ങളിലും രൂപത്തിലുമുള്ള കുടകൾ മത്സരിച്ചുയർത്തുന്ന കാഴ്ച കാണാൻ പതിനായിരങ്ങളാണ് തേക്കിൻകാട് മൈതാനിയിൽ എത്തിയത്. 50ഓളം വീതം കുടകളാണ് തിരുവമ്പാടിയും പാറമേക്കാവും മത്സരിച്ചുയർത്തിയത്.
കുടമാറ്റത്തിൽ ഫുട്ബാളിലെ സൂപ്പർ താരം ലയണൽ മെസ്സിയും ഇടം പിടിച്ചത് കാഴ്ചക്കാരിൽ കൗതുകമുണർത്തി. മെസ്സിക്ക് ആശംസയുമായി താരം ലോകകപ്പ് ഉയർത്തിനിൽക്കുന്ന വേറിട്ട കുട ആനപ്പുറത്തുയർന്നതോടെ ജനം ആർത്തുവിളിച്ചു. തിരുവമ്പാടി വിഭാഗമാണ് തൃശൂർ പൂരത്തിൽ മെസ്സിക്കും ഇടം നൽകിയത്.
തിങ്കളാഴ്ച പകല്‍പൂരം കൊട്ടി അവസാനിക്കുന്നതോടെ തിരുവമ്പാടി -പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയും. ഇതോടെ പൂരച്ചടങ്ങുകൾക്ക് സമാപനമാകും.