മാമുക്ക എന്ന മാമുക്കോയ .... അബുൽ അസീസ് ഹാജി അനുസ്മരിക്കുന്നു

ഏകദേശം 40 കൊല്ലങ്ങൾക്കു മുൻപ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പിറവിയെടുത്ത കാലം.... ഓരോ അങ്ങാടികളിലും മർച്ചന്റ് അസോസിയേഷൻ എന്ന സംഘടനയും വലിയ പട്ടണങ്ങളിൽ ചേംബർ ഓഫ് കൊമേഴ്സ്കളും, നിലവിൽ ഉണ്ടായിരുന്നെങ്കിലും
ഈ സംഘടനകളെ കേരളത്തിൽ മൊത്തം ഏകോപിപ്പിച്ച്  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എന്ന സംഘടനക്ക് രൂപം നൽകിയപ്പോൾ അക്കാലത്ത്
ആ സംഘടനയുടെ ആവശ്യകതയെ കുറിച്ച് കച്ചവടക്കാരെ ബോധവൽക്കരിക്കുന്നതിന്, കോഴിക്കോട്ടെ വ്യാപാരികളായ 
 കെ ഹസ്സൻ കോയയും, ഷേണായിയും,
ടി. നസീറുദ്ധീനും,ബീരാൻ കോയയും സഹദേവനും, മാധവേട്ടൻ 
അടക്കമുള്ള
 ഒരു കൂട്ടം വ്യാപാരികൾ കൂടിയിരുന്നാലോചിച്ച്, പുതുതായി രൂപീകരിച്ച ഈ സംഘടനയുടെ സന്ദേശം എല്ലാ ദേശത്തും എത്തിക്കുന്നതിന്
 പ്രചരണ മാധ്യമമായി ഒരു നാടകം തയ്യാറാക്കാം
എന്ന് അവർ തീരുമാനിക്കുകയും
 അതിനു വേണ്ടുന്ന കഥ അന്നത്തെ കച്ചവടക്കാരൻ അനുഭവിക്കുന്ന ഉദ്യോഗസ്ഥരുടെയും,  തൊഴിലാളികളുടെയും, അന്യായമായ ഇടപെടൽ കാരണം പൊറുതിമുട്ടിയ വ്യാപാരികളുടെ ജീവിതം തന്നെ പശ്ചാത്തലമാക്കി...
ആ കഥ നാടകമാക്കി.... അക്കാലത്തെ പ്രമുഖ നാടക കൃത്തും നടനും സംവിധായകനുമായ
എ കെ പുതിയങ്ങാടി യുമായി
സഹകരിച്ച്
 യുണൈറ്റഡ് ഡ്രാമാറ്റിക് അക്കാദമി എന്നാണതിന്റെ 
 പേരെന്നാണെന്റെ ഓർമ്മ....
 ആ നാടകത്തിലെ പ്രമുഖ നടനായിരുന്നു കോഴിക്കോട് കല്ലായിയി ലെ മരമളുവുകാരനായിരുന്ന
 'മാമുക്ക'......
വേങ്ങരയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി  യൂണിറ്റ് രൂപീകരണവും അതിനോടനുബന്ധിച്ചുള്ള പൊതുയോഗത്തിന്   ശേഷമാണ്
ഈ നാടകം അരങ്ങേറാൻ തീരുമാനിച്ചത്..
 കച്ചവടക്കാർക്ക് നാടകമോ എന്ന് അന്ന് കച്ചവടക്കാരിൽ പെട്ട ചിലരൊക്കെ അഭിപ്രായപ്പെട്ടെങ്കിലും അവരൊക്കെ പറഞ്ഞു സമാധാനിപ്പിച്ചാണ് നാടകം അരങ്ങേറാൻ തീരുമാനിച്ചത്..
 നാടക കമ്പനി വേങ്ങര എത്തുമ്പോൾ അവർക്കുള്ള സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്നതിന്റെ ചുമതലക്കാരിൽ ഒരാളിൽ ഞാനും ഉണ്ടായിരുന്നു..
 അവർ വന്നിറങ്ങിയപ്പോൾ എന്റെ മനസ്സിലുണ്ടായിരുന്ന താര ശോഭയൊന്നും അവരാരിലും കണ്ടില്ല..
 ഒക്കെ.. സാധാരണക്കാരിൽ സാധാരണക്കാർ..
 അതിൽ മെലിഞ്ഞൊട്ടിയ രൂപത്തിൽ മുൻനിരയിലെ പല്ലുകൾ പുറത്തേക്ക് ഉന്തിനിന്ന്, തലയിൽ ഒരു തോർത്ത് വട്ടത്തിൽ ചുറ്റികെട്ടി,
ഒരു കോഴിക്കോടൻ 'കള്ളിത്തുണി'
 'തളമ്മാടിയുടുത്ത് '
 കൂട്ടത്തിൽ എല്ലാവരോടും എല്ലാ കാര്യങ്ങളും അഭിപ്രായം പറഞ്ഞ് ഒരാളുണ്ടായിരുന്നു,
 അതായിരുന്നു "മാമുക്കോയ"
എന്ന മാമുക്ക
 സമ്മേളനമൊക്കെ കഴിഞ്ഞ് 
"മോചനം"
എന്ന
നാടകം അരങ്ങേറി
 ഗാംഭീര്യമുള്ള ശബ്ദത്തിന്റെ ഉടമയായ കോഴിക്കോട്ടെ വ്യാപാരി സഹദേവൻ ആയിരുന്നു അനൗൺസർ....
 സ്റ്റേജിൽ കയറി നാടകം തുടങ്ങിയപ്പോൾ തന്നെ  പലകകൾ വെച്ചു് കെട്ടി ഉണ്ടാക്കിയ സ്റ്റേജിൽ ചവിട്ടുമ്പോൾ പലകൾ തമ്മിൽ ഉറരഞ്ഞു ഒരു 
കറ കറ ശബ്ദം വന്നു..
 നാടകത്തിൽ ഇല്ലാത്ത ഒരു ഡയലോഗ്.... "എന്താ ഒരു കറ കറ ശബ്ദം.."
  'മാമുക്ക'യുടെ ഉടനെ തന്നെ മറുപടി..
 "അത് തറപ്പണി ശരിയായിട്ടില്ല എന്നാ തോന്നുന്നത്..
 കുഴപ്പമുണ്ടാവൂലാ ന്ന്കരുതാ.... "
 ആ നർമ്മത്തോടെ ജനം ചിരി തുടങ്ങി...
 അവിടുന്ന് അങ്ങോട്ട് അതിലെ എല്ലാ നടന്മാരും അഭിനയിക്കുകയല്ലായിരുന്നു.. ജീവിക്കുകയായിരുന്നു...
 അന്ന് അവിടെ കൂടിയ എല്ലാവരും ആ നാടകം കഴിഞ്ഞത് അറിഞ്ഞതു പോലുമില്ല... അത്രത്തോളം ആ നാടകത്തിൽ അവർ ലയിച്ചുപോയി.....
 അന്ന്
നാടകം വേണോ....
എന്ന് ചോദിച്ചവർ പോലും 
 അതിനെ അഭിനന്ദിച്ചു....
 ആ നാടകം കേരളത്തിൽ അങ്ങോളമിങ്ങോളം
നൂറു കണക്കിന് സ്റ്റേജിൽ അരങ്ങേറി  അതിലെ മുഖ്യ കഥാപാത്രം മാമുക്കോയ യായിരുന്നു..
 ആ നാടകവും അന്നത്തെ ഓർഗനൈസിങ്ങ് സെക്രട്ടറികൂടി യായിരുന്ന അലക്സ് എം ചാക്കോയുടെ നർമ്മത്തിൽ ചാലിച്ച ചാട്ടുളി പ്രയോഗമുള്ള  പ്രസംഗവുമായിരുന്നു വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് ഒരു അഡ്രസ്സ് ഉണ്ടാക്കിയതിൽ മുഖ്യ പങ്കു വഹിച്ചതും ..
അത്
1983ലാണ് വേങ്ങരയിൽ അരങ്ങേറിയത്.. ആദ്യമായി
'മാമുക്കോയയെ'നേരിൽ കാണാൻ അവസരം ലഭിച്ചതും അന്ന് തന്നെ..
 അതിനുശേഷം പലപ്പോഴും അദ്ദേഹത്തെ നേരിൽ കാണാനും സംസാരിക്കാനും ഭാഗ്യം ഉണ്ടായിട്ടുണ്ട്...
 അതിനുശേഷം അദ്ദേഹം സിനിമയിലെത്തുകയും  കുതിരവട്ടം പപ്പുവിനെപ്പോലെ മലബാറിന്റെ കോഴിക്കോടൻ  ശൈലിയിലുള്ള സംസാരം കൊണ്ട് സിനിമയിൽ പുതിയൊരദ്ധ്യായം കൂടി ചേർത്തു..
 സിനിമാ ജീവിതവും സാധാരണ ജീവിതവും ഒരേപോലെ വളരെ ലാളിത്യത്തോടെ കൊണ്ടുനടന്ന അപൂർവം ചില നടന്മാരിൽ ഒരാളാണ് മാമുക്കോയ....
 
കഴിഞ്ഞ തിങ്കളാഴ്ച കോഴിക്കോട് പോയപ്പോൾ അദ്ദേഹം പ്രധാന്യമുള്ള വേഷത്തിൽ അഭിനയിച്ച
പുതിയ പടമായ 
"സുലൈഖ മൻസിൽ"
കാണാൻ അവസരം ലഭിച്ചു..
 അതിലെ കാരണവരുടെ റോളും അദ്ദേഹത്തിന്റെ ഡയലോഗുകളും  വളരെ ഹൃദ്യ....മായി തോന്നി...
 ആ സിനിമ കണ്ട് രാത്രിയിൽ  വീട്ടിലെത്തിയപ്പോഴാണ്..
 വണ്ടൂരിലെ
ഒരു ഫുട്ബോൾ ഉദ്ഘാടന ചടങ്ങിൽ വച്ച് അദ്ദേഹത്തിന് ക്ഷീണം അനുഭവപ്പെട്ട് വണ്ടൂരിൽ ഹോസ്പിറ്റൽ അഡ്മിറ്റ് ചെയ്തതായി അറിയാൻ കഴിഞ്ഞത്..
 അവിടുന്ന് ഏകദേശം സുഖം പ്രാപിച്ചപ്പോൾ കോഴിക്കോട് ഹോസ്പിറ്റലിലേക്ക് മാറ്റിയതായാണ് അറിയാൻ കഴിഞ്ഞത്...
 അവിടെവെച്ച് അദ്ദേഹം നമ്മോട് വിടപറഞ്ഞു..
 അദ്ദേഹത്തിന്റെ പരലോക ജീവിതം 
സർവ്വശക്തൻ ധന്യമാക്കട്ടെ എന്ന പ്രാർത്ഥനയോടെ..
 അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബത്തിനും സമൂഹത്തിനും ഉണ്ടായ ദുഃഖത്തിൽ  പങ്കുചേരുന്നു...

 അബ്ദുൽ അസീസ് ഹാജി പക്കിയൻ
 പ്രസിഡന്റ്
 കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
 വേങ്ങര യൂണിറ്റ്

മൊബൈൽ
9847660005

26.04.2023
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}