വേങ്ങര: രാമരാജ്യമെന്നത് സനാതന ധർമ്മ സംസ്കൃതിയുടെ മൂല്ല്യവും, ഭാരതീയ സംസ്കാരത്തിന്റെ പാരമ്പര്യത്തിൽ അധിഷ്ഠിതമായ ജീവിത ചര്യയും പാലിക്കപ്പെടുന്ന സമൂഹത്തിന്റെ പരിഛേദവുമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ശശികല ടീച്ചർ പറഞ്ഞു. വേങ്ങര പറപ്പൂർ കാട്ട്യേക്കാവ് ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന്റെ പ്രഭാഷണ വേദിയിലാണ് ടീച്ചർ അഭിപ്രായപ്പെട്ടത്.
ജാതി ചേർച്ചകൾക്കപ്പുറം പരസ്പ്പരം മനസിലാക്കിയ ഹൈന്ദവ കുടുംബങ്ങൾ സമയത്ത് തന്നെ വിവാഹ ബന്ധങ്ങളിലേർപ്പെടാൻ ശ്രദ്ധിക്കണമെന്നും ടീച്ചർ അഭിപ്രായപ്പെട്ടു. കുമാരനാശാന്റെ ദുരവസ്ഥയിൽ പറഞ്ഞത് പോലെയുള്ള കെട്ടുകളിൽ നിന്ന് നൂറാം വാർഷികത്തിൽ എങ്കിലും മാറി ചിന്തിക്കാനും ജാതി അടിസ്ഥാനത്തിൽ ഉള്ള വിവാഹം മാത്രം നടക്കണമെന്ന വാശി ഹൈന്ദവ മാതാ പിതാക്കൾ ഉപേക്ഷിക്കണമെന്നും ശശികല ടീച്ചർ പറഞ്ഞു.
ആറാട്ട് മഹോത്സവത്തിന്റെ നാലാം ദിനത്തിൽ നടന്ന ചടങ്ങിൽ കെപി ശശികല ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചിറ്റാരി പാലക്കോൾ നാരായൺ നമ്പൂതിരി, ക്ഷേത്ര സമിതി പ്രസിഡന്റ് രവിനാഥ് ഇന്ദ്രപ്രസ്ഥം തുടങ്ങിയവർ സംസാരിച്ചു.
പ്രശസ്ത ദാരു ശില്പിയും ഓണം വില്ല് കലാകാരനുമായ മധു കോട്ടൂർ, ക്ഷേത്രം തന്ത്രി എന്നിവരെ ക്ഷേത്ര കമ്മിറ്റിക്ക് വേണ്ടി ശശികല ടീച്ചർ ആദരിച്ചു. ജയേഷ് പിഎം, രവികുമാർ പിഎം, സുകുമാരൻ സി, മനോജ് പി, ജയരാജൻ പി, ജയപ്രകാശ്, ദേവരാജൻ കെ കെ എന്നിവർ നേതൃത്വം നൽകി.