വേങ്ങര: വലിയോറ തേർക്കയം പാലം അപകടാവസ്ഥയിലായിട്ട് രണ്ട് വർഷമായെങ്കിലും പുതുക്കിപ്പണിയാൻ നടപടിയില്ല.കടലുണ്ടിപ്പുഴയ്ക്ക് കുറുകെ വേങ്ങര പഞ്ചായത്തിനെയും തിരൂരങ്ങാടി മുനിസിപ്പാലിറ്റിയേയും ബന്ധിപ്പിച്ചാണ് വലിയോറ തേർക്കയത്ത് പാലം നിർമിച്ചത്.
വെന്നിയൂർ, കാച്ചെടി, കരിമ്പിൽ ഭാഗത്തുള്ളവർക്ക് വലിയോറ, വേങ്ങര ഭാഗത്തേക്കും വേങ്ങര വലിയോറ ഭാഗത്തുള്ളവർക്ക് വെന്നിയൂർ, തിരൂരങ്ങാടി, കോട്ടയ്ക്കൽ ഭാഗത്തേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ പറ്റുന്ന മാർഗമാണ് ഈപാലം. ഇതുവഴി ഗതാഗതംനിരോധിച്ചുകൊണ്ട് ബോർഡ് സ്ഥാപിച്ചു എന്നല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല.
1992-ലായിരുന്നു പാലം പണിപൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്തത്. 2.4 മീറ്റർ വീതിയിലും 70 മീറ്റർ നീളത്തിലുമുള്ള 7 സ്പാനുകളായാണ് നിർമാണം. ചെറിയ വാഹനങ്ങൾക്ക് കടന്നുപോകാൻപറ്റുന്ന രീതിയിലായിരുന്നു പാലത്തിന്റെ നിർമാണം.
ചരക്കുകയറ്റിയ വാഹനങ്ങൾ കടന്നുപോകാതിരിക്കാൻ ഇരുപ്രവേശന കവാടങ്ങളിലും ബാരിക്കേടുകളും സ്ഥാപിച്ചിരുന്നു. എന്നാൽ പിന്നീട് ബാരിക്കേഡുകൾ നശിച്ചുപോയതിനാൽ ചരക്ക്‌വാഹനങ്ങളും വലിയവാഹനങ്ങളും കടന്നുപോകാൻതുടങ്ങി. ഇതോടെ പാലത്തിന് ബലക്ഷയംസംഭവിച്ചു.
പാലത്തിന്റെതൂണുകൾ ദ്രവിച്ചുതുടങ്ങിയതോടെ ആദ്യം ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിച്ചു. മൂന്നുവർഷംമുൻപ് പാലത്തിന്റെതൂണിന് നേരിയചെരിവ് സംഭവിച്ചിരുന്നു.