മലപ്പുറം: സ്ഥാപിത താത്പര്യങ്ങൾക്കായി മുന്നണിയുണ്ടാക്കുകയോ വിടുകയോ ചെയ്യുന്ന ചരിത്രം മുസ്‌ലിംലീഗിനില്ലെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മുസ്‌ലിംലീഗ് മലപ്പുറം ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൂടെയുള്ളവരെ ഇരുളിന്റെ മറവിൽ വഞ്ചിക്കുന്ന പാർട്ടിയല്ല ലീഗ്. മുന്നണിയുണ്ടാക്കുന്നതിലും വിടുന്നതിലും ലീഗിന് കൃത്യമായ മാനദണ്ഡങ്ങളുണ്ട്. ഓരോ മുന്നണിയുണ്ടാക്കിയപ്പോഴും അത് കൃത്യമായി പാലിച്ചിട്ടുമുണ്ട്. രാജ്യത്തിന്റെയും സമുദായത്തിന്റെയും മതേതരത്വത്തിന്റെയും കാര്യത്തിനായി ലീഗ് മുന്നണിയുണ്ടാക്കുകയും വിടുകയും ചെയ്യും; അതാണ് ലീഗിന്റെ രാഷ്‌ട്രീയം. പറയാനുള്ളത് പറയേണ്ടവരോട് പകൽവെളിച്ചത്തിൽ പറയേണ്ടപോലെ പറയുമെന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്‌ചയുമില്ലെന്നും തങ്ങൾ പറഞ്ഞു.
ലീഗിന്റെ വോട്ടുകൾ ബാങ്കിലെ ചെക്കുപോലെയാണെന്ന് തുടർന്നു പ്രസംഗിച്ച ദേശീയ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. നിൽക്കുന്ന മുന്നണിയിൽ വിശ്വാസ്യതയോടെ നിന്ന് മുസ്‌ലിംലീഗ് രചിച്ച ചരിത്രം ചെറുതല്ലെന്നും അദ്ദേഹം പറഞ്ഞു.