ഹോംഷോപ്പ് പദ്ധതിയുമായി പറപ്പൂർ ഗ്രാമപഞ്ചായത്ത്

പറപ്പൂർ: പറപ്പൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും രണ്ടുവീതം  ഹോംഷോപ്പുകൾ സ്ഥാപിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സലീമ ടീച്ചർ അറിയിച്ചു. മുഴുവൻ വാർഡുകളിലും കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടി സി ഡി എസ് ഭരണസമിതിയുടെയും ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും സംയുക്തയോഗം ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് ചേർന്ന് പ്രവർത്തന പരിപാടികൾക്ക് അന്തിമരൂപം നൽകി.

കുടുംബശ്രീ മൈക്രോ സംരംഭങ്ങളുടെ നേതൃത്വത്തിൽ പ്രാദേശികമായി നിർമ്മിക്കുന്ന വിവിധതരം ഉൽപ്പന്നങ്ങൾക്ക് സ്ഥിരം വിപണി സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയാണ് കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി.

ജില്ലാമിഷന്റെ നേതൃത്വത്തിൽ ഓരോ വാർഡിലും രണ്ടുവീതം ഹോംഷോപ്പുകൾ സ്ഥാപിക്കുകയാണ് ഒന്നാമത്തെ ഘട്ടം. വീടുകൾ തോറും കുടുംബശ്രീ ഉൽപ്പന്നങ്ങൾ സ്ഥിരമായി എത്തിച്ചുനൽകുന്ന ഹോംഷോപ്പ് ഓണർമാരാണ് ഈ പദ്ധതിയുടെ നട്ടെല്ല്. 
ഗ്രാമപഞ്ചായത്ത് തലത്തിൽ ഒരു സ്റ്റോക്ക് പോയിന്റും ഒരു കോഡിനേറ്ററുമുണ്ടാകും. 

കേരള സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയിൽ  ഹോംഷോപ്പ് ഓണർമാരായി ജോലി ചെയ്യാൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കഴിഞ്ഞു. സിഡിഎസ് ഓഫീസിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഒരു വാർഡിൽ രണ്ടുപേർക്ക് മാത്രമായിരിക്കും നിയമനം എന്നതുകൊണ്ടുതന്നെ  അപേക്ഷകരിൽ നിന്നും ഇന്റർവ്യൂ നടത്തിയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുക. 

പദ്ധതിയിൽ ജോലി ചെയ്യുന്നവർക്കു വേണ്ടി നിരവധി സാമൂഹ്യക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും ഇതിനകം തന്നെ ഏർപ്പെടുത്തിയിട്ടുണ്ട്.

കുരിക്കൾ ബസാർ ഇസ്ലാമിയ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സലീമ ടീച്ചർ ഉദ്ഘാടനം ചെയ്തു. പദ്ധതി കോഡിനേറ്റർമാരായ പ്രസാദ് കൈതക്കൽ, സതീശൻ സ്വപ്നക്കൂട്, ഇഹ്തിഷാം തുടങ്ങിയവർ പ്രസംഗിച്ചു. സി.ഡി എസ് മെമ്പർ സജ്‌ന സ്വാഗതം പറഞ്ഞ ചടങ്ങിൽ  സി ഡി എസ് ചെയർപേഴ്സൺ റസിയ. എം കെ അധ്യക്ഷത വഹിച്ചു. സി എൽ സി സമീറ പറപ്പൂർ നന്ദി പ്രകാശിപ്പിച്ചു.
Previous Post Next Post