വേങ്ങരയില്‍ ബീഹാർ സ്വദേശിയെ കൊലപ്പെടുത്തിയത് ഭാര്യ: അറസ്റ്റ്

വേങ്ങര: വേങ്ങരയിൽ ബീഹാർ സ്വദേശിയുടെ മരണം കൊലപാതാകമെന്ന് തെളിഞ്ഞു. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാർ വൈശാലി ജില്ലയിലെ രാംനാഥ് പസ്വാന്റെ മകൻ സൻജിത് പസ്വാൻ (33) ആണ് കഴിഞ്ഞ മാസം കൊല്ലപ്പെട്ടത്. പസ്വാന്റെ ഭാര്യയും വൈശാലി ബക്കരി സുഭിയാൻ സ്വദേശിനിയായ പുനം ദേവി (30)യെയാണ് കൊലക്കുറ്റം ചുമത്തി വേങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ ജനുവരി 31ന് രാത്രിയിൽ കോട്ടക്കൽ റോഡ് യാറം പടിയിലെ പി.കെ ക്വോർട്ടേഴ്‌സിൽ ആണ് കൊലപാതകം നടന്നത്. വയറു വേദനയെ തുടർന്നാണ് ഭര്‍ത്താവിന്റെ മരണമെന്നാണ് ഇവർ പറഞ്ഞിരുന്നത്. അന്വേഷണത്തിനൊടുവിലാണ് ഭാര്യ തന്നെയാണ് കഴുത്തിൽ സാരി മുറുക്കി കൊല ചെയ്തതെന്ന് വ്യക്തമായത്. 

സൻജിത് പസ്വാന്റെ മരണത്തെ തുടര്‍ന്ന്  വേങ്ങര പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. 

പോസ്റ്റ്മാർട്ടത്തില്‍ പസ്വാന്റെ മുഖത്തും നെറ്റിയിലും പരിക്കും കുരുക്കുമുറുകിയതിനാൽ കഴുത്തിലെ എല്ലിന് പൊട്ടലും സംഭവിച്ചത് വ്യക്തമായിരുന്നു. തുടർന്നാണ് പൂനം ദേവിയെ ചോദ്യം ചെയ്തത്. പൂനം ദേവി ഭാര്യവും കുട്ടികളുമുള്ള ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. ഇത് മനസിലാക്കിയാണ് തങ്ങളുടെ അഞ്ചു വയസുകാരനായ മകന്‍ സച്ചിൻ കുമാറുമായി സൻജിത് പസ്വാൻ രണ്ടു മാസം മുമ്പ് വേങ്ങരയിൽ എത്തിയത്. എന്നാൽ രഹസ്യ ഫോൺ ഉപയോഗിച്ച് പൂനം ദേവി ഈ യുവാവുമായുള്ള ബന്ധം തുടർന്നു. 

ഭര്‍ത്താവ് ബന്ധം ചോദ്യം ചെയ്തതോടെയാണ് പൂനം ഭര്‍ത്താവായ സൻജിത് പസ്വാനെ വകവരുത്താൻ തീരുമാനിക്കുന്നത്. ജനുവരി 31ന് രാത്രിയിൽ ഉറങ്ങുകയായിരുന്ന സൻജിതിന്റെ കൈ പ്രതി കൂട്ടിക്കെട്ടുകയും ഉടുത്ത സാരി കുരുക്കാക്കി മാറ്റി കട്ടിലിൽ നിന്നും വലിച്ച് താഴെ ഇടുകയുമായിരുന്നു. ശേഷം പ്രതി സാരി കഴുത്തില്‍ മുറുക്കി ഭർത്താവിന്റെ മരണം ഉറപ്പാക്കുകയായിരുന്നു. 

തുടർന്ന് കഴുത്തിലേയും കയ്യിലേയും കുരുക്ക് അഴിച്ചുമാറ്റി തൊട്ടടുത്ത് മുറിയിലുള്ളവരോട് അസുഖമാണെന്ന് അറിയിച്ചു. ഇവരാണ് ബോഡി ആശുപത്രിയിൽ എത്തിച്ചത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}