എ ആർ നഗർ: വിദ്യാര്‍ത്ഥികളിലെ മയക്കുമരുന്ന് ഉപയോഗം ആദ്യം കണ്ടെത്താനും അത് തടയാനും മാതാപിതാക്കളുടെ ജാഗ്രതയാണ് ഏറെ ഫലപ്രദമെന്ന് എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ ബിജു പി പറഞ്ഞു. മക്കളുടെ ഭാവമാറ്റവും സ്വഭാവത്തിലെ വ്യത്യാസവും അമ്മമാര്‍ക്ക് അതിവേഗം മനസ്സിലാകും സ്വയമറിയാതെപോലും മക്കള്‍ മയക്കുമരുന്ന് മാഫിയയുടെ പിടിയിലാകാം എന്നും മക്കളോടൊപ്പം അൽപ്പസമയം ചിലവഴിക്കാന്‍ എല്ലാ മാതാപിതാക്കളും തയ്യാറാവണം എന്നും അദ്ദേഹം പറഞ്ഞു.
കൊടുവായൂര്‍ ശ്രീ സുബ്രഹ്മണ്യക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക തൈപൂയ്യ ആഘോഷത്തോടനുബന്ധിച്ച് സേവാഭാരതി ഏ ആര്‍ നഗര്‍ സമിതി സംഘടിപ്പിച്ച ലഹരിമുക്ത കേരളം ആരോഗ്യയുക്ത കേരളം എന്ന സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സേവാഭാരതി ഏ ആർ നഗർ പഞ്ചായത്ത് സമിതി പ്രസിഡന്റ് കെ.ജയാനന്ദന്‍ അധ്യക്ഷത വഹിച്ച സെമിനാർ സേവാഭാരതി മലപ്പുറം ജില്ലാ അധ്യക്ഷ സത്യഭാമ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.അനൂപ് മനമ്മല്‍, പത്മനാഭന്‍ എം, രാഹുല്‍, സരള വെള്ളേങ്ങര ,രവീന്ദ്രന്‍ തെരുവത്ത് എന്നിവര്‍ സംസാരിച്ചു.
സെമിനാറിന് പാറക്കടവത്ത് അനിൽ കുമാർ, മനമ്മൽ സുരേഷ് ബാബു, എറമങ്ങാട് വിനോദ് കുമാർ,പി പി ശ്രീനിവാസൻ,സിപി വിനോദ് കുമാർ എന്നിവർ നേതൃത്വം നൽകി.