വേങ്ങര: ജില്ലയിലെ നാല് വാർഡുകളിൽ 28-ന് ഉപതിരഞ്ഞെടുപ്പ് നടക്കും. അബ്ദുറഹിമാൻ നഗർ ഗ്രാമപ്പഞ്ചായത്തിലെ കുന്നുംപുറം, ഊരകം ഗ്രാമപ്പഞ്ചായത്തിലെ കൊടലിക്കുണ്ട്, തിരുനാവായ പഞ്ചായത്തിലെ അഴകത്ത്കളം, കരുളായി പഞ്ചായത്തിലെ ചക്കിട്ടാമല എന്നീ വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
ചൊവ്വാഴ്ച മുതൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽവന്നു. വ്യാഴാഴ്ച തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവരും. 9-വരെ പത്രിക സമർപ്പിക്കാം. 10-ന് സൂഷ്മപരിശോധന നടക്കും. 13-വരെ പത്രിക പിൻവലിക്കാനുള്ള അവസരമുണ്ട്. മാർച്ച് ഒന്നിന് രാവിലെ 10 മുതലാണ് വോട്ടെണ്ണൽ. സംസ്ഥാനത്ത് ആകെ 28 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
അബ്ദുറഹിമാൻ നഗറിൽ കോൺഗ്രസ് അംഗമായ പി.കെ. ഹനീഫയുടെ നിര്യാണത്തെത്തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. സർക്കാർ ജോലി കിട്ടിയതിനാൽ മുസ്‍ലിംലീഗിലെ അംഗമായ സി.വി. ഷബ്‌ന രാജിവെച്ച ഒഴിവിലേക്കാണ് ഊരകത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരുനാവായയിൽ സ്വതന്ത്രാംഗമായ കെ.പി. ലത്തീഫിന്റെ വിയോഗത്തെത്തുടർന്നാണ് തിരഞ്ഞെടുപ്പ്.
കരുളായിയിൽ ലീഗ് അംഗമായ ജിതിൻ രാജിവെച്ചത് ഭരണപ്രതിസന്ധിക്ക് കാരണമായി.
15 അംഗങ്ങളുള്ള പഞ്ചായത്തിൽ നിലവിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും ഏഴംഗങ്ങൾ വീതമാണുള്ളത്. ഉപതിരഞ്ഞെടുപ്പിൽ ജയിക്കുന്നവർക്ക് ഭരണംകിട്ടുന്ന സ്ഥിതിയായതിനാൽ തിരഞ്ഞെടുപ്പ് ഇരുമുന്നണികൾക്കും നിർണ്ണയകമാണ്.